രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും; ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തലിലാണ് യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിച്ചത്.

നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്. ഇടതുമുന്നണി എല്‍ജെഡിയ്ക്ക് തന്നെ സീറ്റ് നല്‍കുമെന്നാണ് സൂചന. എം വി ശ്രേയാംസ് കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായേക്കും. സീറ്റ് തങ്ങള്‍ക്കു തന്നെ നല്‍കണമെന്ന് എല്‍ജെഡി സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് മെയ് 25 മുതല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ജയിക്കുന്നയാള്‍ക്ക് 2022 ഏപ്രില്‍ രണ്ടാം തിയതിവരെ എംപിയായി തുടരാം.

Exit mobile version