‘മലയാളിയുടെ ഉത്സാഹവും ഐക്യവുമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്, ഇതാണെന്റെ കേരള മോഡല്‍’; ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ പ്രളയ സമയത്ത് ലോകം സാക്ഷ്യം വഹിച്ചതാണ് കേരളത്തിന്റെ ഒത്തൊരുമയ്ക്ക്. ദുരന്തങ്ങള്‍ക്ക് മുന്നില്‍ കേരളീയര്‍ എപ്പോഴും ഒന്നായിരിക്കും. അവിടെ ജാതിയോ മതമോ വര്‍ഗമോ അവര്‍ പരിഗണിക്കാറില്ല. കരിപ്പൂരില്‍ ഇന്നലെ ഉണ്ടായ അപകട സമയത്തും ആ ഒത്തൊരുമയ്ക്ക് ഇന്ത്യ സാക്ഷിയായതാണ്.

കരിപ്പൂരില്‍ വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ അധികൃതര്‍ എത്തുന്നതിന് മുന്നേ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയത് പ്രദേശവാസികളായിരുന്നു. സ്വന്തം സുരക്ഷപോലും നോക്കാതെയാണ് അപകടത്തില്‍ പെട്ട് കിടന്ന സഹജീവികളെ അവര്‍ കൈപിടിച്ച് ഉയര്‍ത്തിയത്. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് കൊണ്ട് മാത്രമാണ് അപകടത്തില്‍ മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞത് തന്നെ.

അപകടത്തില്‍ പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെയുള്ള ഓരോ നിമിഷത്തിലും മലയാളികളുടെ ആ ഐക്യം ലോകം കണ്ടതാണ്. സഹജീവി സ്‌നേഹം കൊണ്ട് ഓടിയേത്തിയ ആ ജനങ്ങളെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നത്. മലയാളിയുടെ ആ ഒത്ത് ഒരുമയെ പ്രശംസിച്ച് അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍.

മലയാളികളുടെ സഹജീവി സ്‌നേഹത്തിനെയും ഐക്യത്തിനെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ശശി തരൂര്‍ എംപിയും . സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രശംസ.

‘കേരളീയര്‍ പ്രവര്‍ത്തന നിരതരാണ്, പ്രളയത്തിലും മഹാമാരിയിലും ഇപ്പോള്‍ വിമാനദുരന്തത്തിലും മലയാളി പ്രകടിപ്പിക്കുന്ന ഉത്സാഹവും ഐക്യമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ഒരപകടം ഉണ്ടായപ്പോള്‍ മതമോ ജാതിയോ വര്‍ഗമോ പരിഗണിക്കാതെ അവര്‍ അവിടേയ്ക്ക് ഓടിപ്പാഞ്ഞെത്തി. ഇതാണെന്റെ കേരള മോഡല്‍!’, എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.


കനത്ത മഴ വകവയ്ക്കാതെ സംഭവസ്ഥലത്ത് പാഞ്ഞെത്തി വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളിലെത്തിക്കാനും കൊണ്ടോട്ടി പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രതയാണ് കാണിച്ചത്. ഇതാണ് ദുരന്തത്തിന്റെ തീവ്രത കുറയാനും നിരവധി പേരെ രക്ഷിക്കാനും ഇടയാക്കിയത്.

അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും, രക്തം നല്‍കുന്നതിനും അര്‍ദ്ധ രാത്രിയിലും തയ്യാറായി നിരവധി പേരാണ് എത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് ബാധയുണ്ടാകാം എന്ന ഭയമേതുമില്ലാതെയായിരുന്നു ജനങ്ങളുടെ സമയോചിത ഇടപെടല്‍.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രി 7.53-ഓടെ ഉണ്ടായ വിമാനാപകടത്തില്‍ 18 പേരാണ് മരിച്ചത്. സംഭവസമയത്ത് കനത്ത മഴയായിരുന്നു ഈ പ്രദേശത്ത് അനുഭവപ്പെട്ടത്. ലാന്‍ഡിംഗിന് ഇടേ റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വിമാനം പതിക്കുകയായിരുന്നു.

Exit mobile version