കളക്ടര്‍ ആവശ്യപ്പെട്ടു; 15ഓളം വള്ളവുമായി കേരളത്തിന്റെ സൈനികര്‍ വീണ്ടും പത്തനംതിട്ടയിലേയ്ക്ക്, അഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയ ഭീഷണിയുടെ വക്കിലാണ്. പ്രകൃതി ദുരന്തത്തെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും നടത്തി വരികയാണ്. കളക്ടറുടെ ഒറ്റ ഫോണ്‍ വിളിയില്‍ സജ്ജമായിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യതൊഴിലാളികള്‍.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ട ബോട്ടുകളുടെയും മല്‍സ്യത്തൊഴിലാളികളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 15 വള്ളങ്ങളും തൊഴിലാളികളും പത്തനംതിട്ടയിലേക്ക് ഇന്നലെ രാത്രി തന്നെ പുറപ്പെട്ടു എന്ന് മന്ത്രി കുറിക്കുന്നു. ഒപ്പം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങളും നേരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളത്തിന്റെ സൈനികര്‍ വീണ്ടും പത്തനംതിട്ടയിലേക്ക്…

കേരളത്തില്‍ വീണ്ടും പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടര്‍ നാലു മണിയോടുകൂടി 20-ഓളം വള്ളങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ബേസില്‍ ലാലിന്റെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ഇപ്പം ഈ രാത്രി സമയം 9.30 അയപ്പോള്‍ 15 വള്ളങ്ങള്‍ തൊഴിലാളികള്‍ അടക്കം തയ്യാറാക്കി കഴിഞ്ഞു. രാവിലെ പത്തനംതിട്ടയിന്‍ എത്താനാണ് ആവശ്യപ്പെട്ടെതെങ്കിലും ഇന്നു രാത്രിയില്‍ തന്നെ വള്ളവും തൊഴിലാളികളും സജ്ജമായി വള്ളം ലോറിയില്‍ കയറ്റി വയ്ക്കാനുള്ള പ്രവര്‍ത്തികള്‍ കൊല്ലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം സജ്ജമാക്കി വെച്ചാല്‍ വെളുപ്പിന് ഇവിടുന്ന് പുറപ്പെടാന്‍ പറ്റും നാളെ നേരം വെളുക്കുമ്പോള്‍ പത്തനംതിട്ടയില്‍ എത്താം. കഴിഞ്ഞ പ്രാവശ്യം പ്രളയത്തിന്റെ നടുവിലാണ് ഈ ആവശ്യം വന്നതെങ്കില്‍ ഇപ്പം മുന്നൊരുക്കമായിട്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. തീര്‍ച്ചയായും ഏത് പ്രതിസന്ധിയെയും നേരിടാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായിതന്നെയാണ് ഈ മുന്നൊരുക്കങ്ങള്‍ എല്ലാം നടക്കുന്നത്. കൊല്ലത്തെ നമ്മുടെ സൈനികര്‍ സജ്ജമായിരിക്കുന്നു അവര്‍ വെളുപ്പിനെ തന്നെ പത്തനംതിട്ടയ്ക്ക് പുറപ്പെടും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തീകരിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയെയും നേരിടാന്‍ സജ്ജമാക്കുന്ന കേരളത്തിലെ സൈനികര്‍ക്ക് പ്രത്യേകമായി എന്റെ അഭിവാദ്യങ്ങള്‍.

Exit mobile version