പെട്ടിമുടി ദുരന്തം; മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിച്ചേയ്ക്കും, മണ്ണിടിച്ചില്‍ കവളപ്പാറയിലേത് പോലെ വ്യാപിച്ചിട്ടില്ലെന്നും രേഖ നമ്പ്യാര്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിച്ചേയ്ക്കുമെന്ന് എന്‍ഡിആര്‍എഫ് മേധാവി രേഖാ നമ്പ്യാര്‍. മണ്ണിടിച്ചില്‍ സമാനമെങ്കിലും കവളപ്പാറയേക്കാള്‍ വ്യത്യസ്ത സാഹചര്യമാണ് പെട്ടിമുടിയിലെന്ന് അവര്‍ പറയുന്നു.

കവളപ്പാറയിലെപ്പോലെ വിശാലമായ മേഖലയിലല്ല, ദുരന്തം നടന്നതെന്നും ചെറിയ പ്രദേശത്തായതിനാല്‍ മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രേഖ കൂട്ടിച്ചേര്‍ത്തു. മണ്ണിടിച്ചില്‍ കവളപ്പാറയിലേത് പോലെ വ്യാപിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് എത്തിച്ചേരുക പ്രയാസമണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മണ്ണിടിച്ചിലില്‍ 83 പേര്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം രണ്ട് ടീം എത്തിയിരുന്നതായും ഇന്ന് രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചതായും രേഖ അറിയിച്ചു.

നാല് ലൈനുകളിലാണ് വീടുകളുണ്ടായിരുന്നത്. ഒരു ലൈന്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി മൂന്ന് ലൈനുകള്‍ പരിശോധിച്ച് വരികയാണ്. അടുത്ത് പുഴയുള്ളതിനാല്‍ മൃതദേഹങ്ങള്‍ അവിടെ പുതഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. പുഴയുടെ തീരത്തും പരിശോധന നടത്തുമെന്നും രേഖ വ്യക്തമാക്കി.

Exit mobile version