റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായി മുറിഞ്ഞു, യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചത് മരണം കുറച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 19ഓളം പേരാണ് മരിച്ചത്. റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. യാത്രക്കാരില്‍ പലരും സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ പരിക്കിന്റെ ആഘാതം കുറച്ചു.

ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ലാന്‍ഡിങ്‌നിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് പിളരുകയായിരുന്നു. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.

മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്‌ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു. പിന്‍ഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടര്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ്.

മിക്ക യാത്രക്കാരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ രക്ഷപ്പെട്ട ചില യാത്രക്കാര്‍ ടെര്‍മിനലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിലെ നൂറ്റമ്പതോളം ടാക്‌സിഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. ടാക്‌സികളെല്ലാം റണ്‍വേയില്‍ക്കൂടിയാണ് കടത്തിവിട്ടിരുന്നത്.

അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചു. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Exit mobile version