മീനച്ചിലാറില്‍ ജലനിരപ്പ് കുതിച്ചുയരുന്നു; പാലായില്‍ വെള്ളം കയറുന്നു; റോഡ് അടച്ചു; ജനങ്ങളെ ഒഴിപ്പിക്കുന്നു

കൊച്ചി: ശക്തമായ മഴ പെയ്യുന്ന മഴയെ തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് കുതിച്ചുയരുന്നു. പാലാ കൊട്ടാരമറ്റത്ത് വെളളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് പാലാ ഈരാറ്റുപേട്ട റോഡ് അടച്ചു. കോട്ടയം ജില്ലയില്‍ ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.ജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും റവന്യു അധികൃതരില്‍നിന്ന് നിര്‍ദേശം ലഭിക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഉടന്‍ തന്നെ വീടുകളില്‍നിന്നും ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

ഈരാറ്റുപേട്ട നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലാണ്. മീനച്ചിലാറിലേക്കുള്ള കൈത്തോടുകളും നിറഞ്ഞൊഴുകുകയാണ്. തോടിന്റെ കരകളില്‍ താമസിക്കുന്ന വീട്ടുകാര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദിയിലൂടെ മരങ്ങള്‍ ഒഴുകിയെത്തുന്നു. അച്ചന്‍കോവിലാറിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി. ജനനിരപ്പ് ഉയര്‍ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. എല്ലാ ഷട്ടറും തുറന്നുതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ഇതേതുടര്‍ന്ന് ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി.

ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏലൂര്‍ ബോസ്‌കോ കോളനിയില്‍ വെള്ളം കയറി. ഏലൂരിലെ രണ്ട് ഡിവിഷനുകളില്‍ നിന്ന് അമ്പത്തിയഞ്ച് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിലും പുഴയോരത്തുള്ളവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകളില്‍ മാറ്റം വരുത്തി. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

തിരുവനന്തപുരം കൊല്ലം ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം സംസ്ഥാനത്തെ വിവിധയിടങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായി. ആറ് വീടുകളും രണ്ട് പാലങ്ങളും ഒരു റിസോര്‍ട്ടും തകര്‍ന്നു. ശബരിമല ഉള്‍വനത്തിലും ഉരുള്‍ പൊട്ടി.

മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. 12 പേരെ രക്ഷപെടുത്തി. 80 ഓളം പേര്‍ അപകടത്തില്‍ പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് എന്നാണ് വിവരം. രാത്രി അപകടമുണ്ടായതാണ് ദുരന്തവ്യാപ്തി കൂട്ടിയത്.

Exit mobile version