നടന്‍ ഷാജി തിലകന്റെ വീടിന് മുകളില്‍ തെങ്ങുവീണു, ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നു

ചാലക്കുടി; സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. അതിനിടെ സീരിയല്‍ നടനും നടന്‍ തിലകന്റെ മകനുമായ ഷാജി തിലകന്റെ വീട് തെങ്ങുവീണ് തകര്‍ന്നു. കനത്ത മഴയിലും കാറ്റിലുമാണ് അപകടമുണ്ടായത്. പരിയാരം കടുങ്ങാടുള്ള വീടാണ് തകര്‍ന്നത്.

ഓടുമേഞ്ഞ ഇരുനില വീടിനുമുകളില്‍ തെങ്ങുവീണതോടെ ഓടും മരക്കഷ്ണങ്ങളും വീടിനുള്ളില്‍ പതിച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് പരിക്കില്ല. അപകട സമയത്ത് തിലകന്റെ ഭാര്യ ശാന്ത, ഷാജിയുടെ ഭാര്യ ഇന്ദിര, മകള്‍ അഭിരാമി എന്നിവര്‍ വീട്ടിലുണ്ടായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഷാജി തിലകന്‍ അന്തരിച്ചത്. സീരിയലിലൂടെയാണ് ഷാജി തിലകന്‍ ശ്രദ്ധേയനാകുന്നത്. അതിശക്തമായ മഴയിലും കാറ്റിലും പല സ്ഥലങ്ങളിലും വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടിന് മുകളില്‍ മരണം വീണ് കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പേരാണ് മരിച്ചത്.

സംസ്ഥാനത്ത് അതിശക്തമായ മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കനത്തമഴ കൂടുതല്‍ ദിവസങ്ങളിലേക്കു നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Exit mobile version