ഇഎംഎസ് തന്നെ 33 വർഷം മുമ്പ് മുനയൊടിച്ച മാതൃഭൂമിയുടെ പച്ചക്കള്ളം പ്രചരിപ്പിച്ച് സംഘപരിവാറും പിടി തോമസ് എംഎൽഎയും; കള്ളത്തരം പൊളിഞ്ഞിട്ടും പോസ്റ്റ് പിൻവലിക്കാതെ എംഎൽഎ

കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണപിന്തുണയർപ്പിച്ചതോടെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ജാള്യത മറയ്ക്കാൻ ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങളുമായി കോൺഗ്രസും യുഡിഎഫ് നേതൃത്വവും തന്നെ രംഗത്തെത്തുകയും അതെല്ലാം സോഷ്യൽമീഡിയ പൊളിക്കുകയും ചെയ്തത് കൂടുതൽ നാണക്കേട് സമ്മാനിക്കുകയാണ്. ഇതിനിടെ മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ മുനയൊടിഞ്ഞ പച്ചക്കള്ളവുമായി സിപിഎമ്മിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് എംഎൽഎ പിടി തോമസ്.

ഇഎംഎസ് ബാബറി മസ്ജിദ് പൊളിച്ചുമാറ്റണം എന്ന് ആവശ്യപ്പെട്ടതായി ആരോപിച്ചാണ് സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പിടി തോമസ് രംഗത്തെത്തിയത്. 1987 ൽ ഇഎംഎസ് തിരൂരിൽ പറഞ്ഞതായി അവകാശപ്പെടുന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിങ്ങിനൊപ്പമാണ് എംഎൽഎയുടെ നുണ പോസ്റ്റ്.

മാതൃഭൂമിയുടെ ഈ പ്രസംഗം പച്ചനുണയാണെന്നു ഇഎംഎസ് പിറ്റേന്നുതന്നെ വ്യക്തമാക്കുകയും ദേശാഭിമാനിയിൽ അത് പ്രാധാന്യത്തോടെ വരികയും ചെയ്തിരുന്നു. പിന്നീട് ചിന്ത വാരികയിൽ ചോദ്യോത്തര പംക്തിയിലും ഇഎംഎസ് മാതൃഭൂമി വാർത്ത നുണയാണെന്ന് ഇഎംഎസ് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം മുമ്പും പലവട്ടം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ഊ വാർത്താ കട്ടിങിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും ഇക്കാര്യം മറച്ചുവെച്ചാണ് പിടി തോമസ് എംഎൽഎയുടെ നുണ പ്രചാരണം. ഈ വാർത്തയുടെ നിജസ്ഥിതി എന്താണെന്ന് പോസ്റ്റിന് താഴെ തന്നെ പലരും കമന്റായി രേഖപ്പെടുത്തിയിട്ടും പോസ്റ്റ് പിൻവലിക്കാൻ എംഎൽഎ തയ്യാറായിട്ടില്ല.

അതേസമയം, ഇതേ വാർത്താ കട്ടിങ് തന്നെ സംഘപരിവാർ അനുകൂലികളും ഇവരുടെ സോഷ്യൽമീഡിയ പേജുകളും കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്. ‘ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിൽ അഭിമാനം കൊള്ളുന്നവരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ ആ 130 കോടി ജനങ്ങളിൽ ഞാനില്ല’- എന്ന സോഷ്യൽമീഡിയ ഏറ്റെടുത്ത ക്യാംപെയ്‌നിന് മറുപടിയെന്നോണമാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ ഇഎംഎസിന്റെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നത്.

Exit mobile version