ജനം ടിവി തലവൻ അനിൽ നമ്പ്യാരുമായും സ്വപ്‌നയ്ക്ക് ബന്ധം; സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നിർദേശിച്ചു

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയുടെ ബന്ധത്തിന്റെ സൂചന നൽകി പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ബിജെപി ചാനൽ ജനം ടിവിയുടെ തലവൻ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വരുത്തി തീർക്കാൻ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. സ്വർണ്ണം പിടിച്ചതായി വാർത്ത വന്നു തുടങ്ങിയ സമയത്ത്, തന്നെ ഇങ്ങോട്ട് വിളിച്ച ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഇതിനു നിർദേശിച്ചതെന്നും സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സ്വപ്‌ന നൽകിയ മൊഴിയെ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ”സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോൾ അനിൽ സ്വപ്നയെ ഫോണിൽ വിളിച്ചു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്ന് ഇയാൾ സ്പ്‌നയോട് ആവശ്യപ്പെട്ടു. സ്റ്റേറ്റ്‌മെന്റിന്റെ കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോൾ, മാധ്യമപ്രവർത്തകനോടുതന്നെ അതു തയ്യാറാക്കാൻ പറയാനായിരുന്നു സ്വപ്‌നയ്ക്ക് ലഭിച്ച നിർദേശം. ഇത് അവർ അനിലിനെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാൽ പിന്നീട് അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ തനിക്ക് അനിലിനെ വിളിക്കാൻ പറ്റിയില്ല എന്നാണ് സ്വപ്‌നയുടെ മൊഴി.

മുമ്പ് സ്വപ്‌നയുടെ ഫോണിലേക്ക് വന്ന കോൾ ഹിസ്റ്ററി പരിശോധനയിൽ ജൂലൈ അഞ്ചിന് അനിൽ നമ്പ്യാർ സ്വപ്നയെ വിളിച്ചെന്ന് തെളിഞ്ഞിരുന്നു. ജൂലൈ അഞ്ച് 12.42ന് അനിൽ നമ്പ്യാർ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് വാർത്ത പുറത്തു വന്നതോടെ വാർത്തയുടെ ആവശ്യത്തിനായി മാധ്യമപ്രവർത്തകനെന്ന നിലയിലാണ് താൻ വിളിച്ചതെന്നായിരുന്നു അനിൽ നമ്പ്യാരുടെ വിശദീകണം. പക്ഷെ, അന്നേ ദിവസം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വാർത്തയൊന്നും ജനംടിവിയിൽ വന്നിട്ടില്ലെന്നാണ് വിവരം. ഇതോടെ അനിലിന്റെ ഫോൺ വിളി ചില ബിജെപി നേതാക്കളെ രക്ഷിക്കാനാണോ എന്ന സംശയവും ഉയർത്തുകയാണ്. അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് ആ സ്വപ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാകുന്നതും ഒളിവിൽ പോകുന്നതും.

രണ്ട് വർഷംമുമ്പ്, സരിത്ത് വഴിയാണ് അനിൽ തന്നെ പരിചയപ്പെട്ടതെന്നാണ് സ്വപ്‌ന നൽകിയിരിക്കുന്ന മൊഴി. വഞ്ചനാ കേസിൽപ്പെട്ട് യുഎഇയിൽ പ്രവേശിക്കാൻ വിലക്കുള്ള ഇദ്ദേഹം, വിലക്ക് നീക്കിക്കിട്ടാൻ വേണ്ടിയാണ് സരിത്തിനെ സമീപിച്ചത്. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയശേഷം യുഎഇ യാത്ര നടത്തി. 2018ൽ തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിലാണ് അനിലിനെ സ്വപ്ന ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം, തിരുവനന്തപുരത്തെ ഒരു ടൈൽസ് ഷോറൂമിന്റെ ഉദ്ഘാടകനായി കോൺസുലർ ജനറലിനെ പങ്കെടുപ്പിച്ചിട്ടുമുണ്ട് സ്വപ്‌നയുടെ മൊഴിയിൽ മൂന്ന് പേജിലാണ് അനിലിന്റെ പേര് പരാമർശിച്ചിട്ടുള്ളത്.

Exit mobile version