ചാണകം മെഴുകിയ തറയില്‍, ചിമ്മിനി വിളക്കിനു ചുവട്ടിലിരുന്ന് പഠിച്ച കുട്ടിക്കാലം, കഷ്ടപ്പാടുകളുടെ ഭൂതകാലത്തെ തോല്‍പിച്ച് തെയ്യം കലാകാരന്‍മാരുടെ കുടുംബത്തില്‍ നിന്നും വിവേക് സിവില്‍ സര്‍വ്വീസിലേക്ക്

തലശ്ശേരി: ചാണകം മെഴുകിയ തറയില്‍, ചിമ്മിനി വിളക്കിനു ചുവട്ടിലിരുന്ന് പഠിച്ച കുട്ടിക്കാലം. എല്ലാ കഷ്ടപ്പാടില്‍നിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്ന് പറഞ്ഞുപഠിപ്പിച്ചുതന്ന അമ്മയാണ് തലശ്ശേരി ചിറക്കര പൊതിവട്ടത്തു വീട്ടില്‍ കെ.വി.വിവേകിനെ സിവില്‍ സര്‍വീസിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 301ാം റാങ്കാണ് വിവേക് സ്വന്തമാക്കിയത്. കാസര്‍കോട് കുറ്റിക്കോലില്‍ തെയ്യം കലാകാരന്‍മാരുടെ കുടുംബത്തിലാണു വിവേകിന്റെ ജനനം. തെയ്യച്ചമയങ്ങളുടെ നിറമില്ലായിരുന്നു കുട്ടിക്കാലത്തിന്. അമ്മ പ്രഭാവതി തപാല്‍ വകുപ്പ് ജീവനക്കാരിയായിരുന്നു.

കാസര്‍കോട്ടെ വീടു വിട്ട്, സ്വന്തം നാടായ തലശ്ശേരിയിലേക്കെത്തുമ്പോള്‍ മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹം മാത്രമായിരുന്നു പ്രഭാവതിക്ക്. ചിറക്കരയില്‍ വൈദ്യുതിയോ, നല്ല ശുചിമുറിയോ ഇല്ലാത്ത ഓലമേഞ്ഞ വീട്ടില്‍ താമസം. വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ വിവേകിനെ ചേര്‍ത്തു.

2 ബസ് കയറി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു തന്നെ ദിവസം മൂന്നു മണിക്കൂര്‍ വേണം. ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞു തിരുച്ചിറപ്പളളിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് പഠനം. ചെന്നൈയില്‍ ഐടി സെക്ടറില്‍ ജോലി നേടിയെങ്കിലും വീണ്ടും പഠിക്കണമെന്ന വാശി.

കൊല്‍ക്കത്ത ഐഐഎമ്മില്‍നിന്ന് എംബിഎ നേടി പുറത്തിറങ്ങിയപ്പോഴാണു സിവില്‍ സര്‍വീസ് എന്ന ആഗ്രഹം പിടികൂടിയത്. അതിനിടെ 2018ല്‍ 667-ാം റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വീസില്‍ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവില്‍ സര്‍വീസ് അക്കാദമിയില്‍ മെന്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.

രണ്ടാമത്തെ പരിശ്രമത്തിലാണു വിവേക് 301-ാം റാങ്കിലെത്തിയത്. സഹോദരി വര്‍ഷ കുവൈത്തില്‍ ഡന്റിസ്റ്റാണ്. കഷ്ടപ്പാടുകളുടെ ഭൂതകാലത്തെ തോല്‍പിച്ച് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സിവില്‍ സര്‍വീസിലേക്കു കറിയെത്തിയ വിവേക് എല്ലാവര്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ്. തന്നെ തളരാതെ മുന്നോട്ടേക്ക് നയിച്ച അമ്മയ്ക്കാണ് വിവേക് ഈ നേട്ടം സമര്‍പ്പിക്കുന്നത്.

Exit mobile version