കുതിരവട്ടത്ത് നിന്ന് തടവു ചാടിയ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പോലീസുകാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവു ചാടിയ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താനൂര്‍ സ്വദേശിയായ പ്രതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്ത് എത്തിച്ചത്.

ഇവിടെ നിന്ന് ചാടിപ്പോയി ഇയാളെ രണ്ടു ദിവസത്തിന് ശേഷം പോലീസ് പിടികൂടി തിരിച്ചെത്തിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പിടികൂടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പോലീസുകാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

അതേസമയം മുക്കം അഗസ്തിമുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഏഴ് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുമരിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്.

Exit mobile version