സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട്, കക്കട്ടില്‍ സ്വദേശി മരക്കാല്‍കുട്ടി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. കോവിഡ് 19 വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കുറച്ച് ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ ഇത് നാലാമത്തെ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ കഴിഞ്ഞദിവസം 1169 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Exit mobile version