കൊവിഡിനോട് പൊരുതി മരിച്ച ഡോ. അയിഷയെ ഓർത്ത് തേങ്ങി സോഷ്യൽമീഡിയ; വ്യാജ വാർത്ത വിശ്വസിച്ച് ബലഹീനരാകരുതെന്ന് ഓർമ്മിപ്പിച്ച് യുഎൻഎ

കോഴിക്കോട്: കൊവിഡ് രോഗത്തോട് പൊരുതി മരിച്ച ഡോ. അയിഷയെ കുറിച്ച് ഓർത്ത് തേങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നഴ്‌സുമാരുടെ സംഘടന. സോഷ്യൽമീഡിയയിൽ തരംഗമായ വെറുമൊരു വ്യാജവാർത്തയെ ഇത്രയേറെ വിശ്വസിക്കരുതെന്നാണ് യുഎൻഎ ഓർമ്മിപ്പിക്കുന്നത്. ഡോ. അയിഷ കൊവിഡിനോട് പൊരുതി മരിച്ചെന്നും അവർ അവസാനമായി ട്വീറ്റ് ചെയ്തതെന്നും പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോയും വ്യാജവാർത്തയും ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടും വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി സംഭവം സോഷ്യൽമീഡിയയിൽ തരംഗവുമായിരുന്നു.

അതേസമയം, സോഷ്യൽമീഡിയയിൽ ആളുകൾ പങ്കുവെക്കുന്ന ഡോ. അയിഷയെപ്പറ്റിയുള്ള ട്വീറ്റുകൾ വ്യാജമെന്ന് വ്യക്തമാക്കി യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ആരോ ഒരാൾ അയിഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു. ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേൻ പറയുന്നു. പ്രചരിക്കുന്ന ചിത്രം 2017 ലേതാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version