ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. 28 ഡിവിഷനുകള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കി നിശ്ചയിച്ചു. ബി.ഒ.ടി. പാലം ഭാഗികമായി അടച്ചു. കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ഇന്ന് 18 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഫോര്‍ട്ട് കൊച്ചിയോട് ചേര്‍ന്ന് കിടക്കുന്ന മട്ടാഞ്ചേരിയില്‍ മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. എറണാകുളത്ത് 128 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് കൊവിഡ് മരണം 82 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 497 ആയി.

Exit mobile version