സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നു; ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ, അവശ്യസാധനങ്ങളുടെ കടകള്‍ രണ്ട് മണിവരെ മാത്രം

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ. സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. നിലവില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം അമ്പത് കഴിഞ്ഞിരിക്കുകയാണ്. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. യാത്രാനിരോധനവും കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തിലെ നാലാം വാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാര്‍ഡും, കാഞ്ഞൂരില്‍ അഞ്ചാം വാര്‍ഡും ഇന്ന് മുതല്‍ നിയന്ത്രിതമേഖലയാകും. പെരുമ്പാവൂരില്‍ വാഴക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡും, വെങ്ങോല പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകളും നിയന്ത്രിതമേഖലയാക്കി. ആലുവയില്‍ കര്‍ഫ്യൂയാണ്. എന്നാല്‍ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

അതേസമയം പെരുമ്പാവൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം പതിനഞ്ച് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പതിനാലെണ്ണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വാഴക്കുളം പഞ്ചായത്തിലാണ്. ഒരാള്‍ വെങ്ങോല പഞ്ചായത്തിലും. വാഴക്കുളം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെ പത്ത് ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

Exit mobile version