ത്യാഗസ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍, ഒത്തുചേരലുകളില്ല, പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം

കോഴിക്കോട്: ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ കഴിമ്പോള്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്‌കാരം. എന്നാല്‍ 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.

പ്രവാചകനായ ഇബ്രാഹിം മകന് ഇസ്മയിലിനെ ദൈവ കല്പന പ്രകാരം ബലി നല്കാനൊരുങ്ങിയതിന്റെ ഓര്‍മപുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ നടുവില്‍ നില്ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഇത്തവണത്തെ ബലിപെരുന്നാള്‍.

കടുത്ത നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇന്ന് പെരുന്നാളാഘോഷിക്കുന്നത്. സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല.

പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളിയില്‍ തെര്‍മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിപെരുന്നാളിനോട് അനുബ്ധിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

Exit mobile version