സ്വർണ്ണക്കടത്ത്: ഗൂഢാലോചന നടത്തിയത് ദുബായിയിൽ വെച്ച്; ശിവശങ്കറുമായി സൗഹൃദം മാത്രം; മുൻ അറ്റാഷേയ്ക്ക് വിഹിതം നൽകിയിരുന്നു: മൊഴി നൽകി സ്വപ്‌നയും സന്ദീപും

swapna suresh | Big news live

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ഗൂഢാലോചന തുടങ്ങിയത് ദുബായിയിൽ വച്ചെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായിൽ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായിൽ വെച്ചാണ്. സ്വപ്‌നയെ പിന്നീട് ഇവർ ഡിപ്ലോമാറ്റിക് സൗകര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. 2014ൽ സരിത്തും സന്ദീപും റമീസും ദുബായിലായിരുന്നു. അവിടെവെച്ചാണ് ഗൂഢാലോചനയ്ക്ക് തുടക്കം കുറിക്കുന്നത്.

ആദ്യം നയതന്ത്ര ബാഗിലൂടെ ഇതെങ്ങനെ കടത്തണമെന്നറിയുന്നതിന് വേണ്ടി ഒരു ഡമ്മി പരീക്ഷണം നടത്തി. ബാഗേജ് തടസ്സങ്ങളില്ലാതെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് സ്വപ്നയെ ഇതിൽ ഉൾപ്പെടുത്തിയത്. പ്രതികൾ കസ്റ്റംസിന് നൽകിയ മൊഴികളിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് സന്ദീപും സ്വപ്‌നയും മൊഴി നൽകിയിട്ടുണ്ട്. പാർട്ടികളിലെല്ലാം ശിവശങ്കർ പങ്കെടുക്കാറുണ്ടായിരുന്നു എന്നും മൊഴിയുണ്ട്. അതേസമയം, സ്വർണ്ണക്കടത്തിൽ എൻഐഎയും കസ്റ്റംസിനൊപ്പം വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെ, കേസിൽ യുഎഇ കോൺസുലേറ്റ് മുൻ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയക്ക് എതിരെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും നിർണായക മൊഴി നൽകിയിട്ടുണ്ട്. സ്വപ്‌നയും സന്ദീപും ഇദ്ദേഹത്തിന് സ്വർണ്ണക്കടത്തിലെ വിഹിതം നൽകിയെന്നാണ് മൊഴി. വിഹിതം നൽകിയത് തിരുവനന്തപുരത്തെ ഡോളർ ഇടപാടുകാരൻ വഴിയാണ്. ഇടപാടുകാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. റഷീദ് ഖാമിസ് അൽ അഷ്മിയയെ ചോദ്യം ചെയ്യണമെന്നു കാണിച്ച് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തു നൽകും.

Exit mobile version