കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളിലെത്തി പ്രാര്‍ത്ഥന, പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, സന്ദര്‍ശനംനടത്തിയ മുഴുവന്‍ വീട്ടുകാരും നിരീക്ഷണത്തില്‍

പീരുമേട്: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ഉയരുന്നതുമെല്ലാം ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു. അതിനിടെ കണ്ടെയ്‌മെന്റ് സോണുകളിലെ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പീരുമേട്ടിലാണ് സംഭവം. പീരുമേട് പഞ്ചായത്തിലെ പതിമ്മൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഭവനസന്ദര്‍ശനം പാടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് മറികടന്ന് വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥനനടത്തിയ പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങളും സുരക്ഷ നിര്‍ദേശങ്ങളുമെല്ലാം ലംഘിച്ച് വീടുകളിലെത്തുന്ന പാസ്റ്റര്‍ക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ പിടികൂടി. തുടര്‍ന്ന് ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു.

ഇവിടെവെച്ച് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പാസ്റ്റര്‍ സന്ദര്‍ശനംനടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.

Exit mobile version