ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട്; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യതകള്‍ക്കും മുന്നറിയിപ്പുണ്ട്. ഇവിടം അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2020 ജൂലൈ 29 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാടും, 2020 ജൂലൈ 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞ കോട്ടയം, എറണാകുളം ജില്ലകള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

2020 ജൂലൈ 29 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
2020 ജൂലൈ 30 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.
2020 ജൂലൈ 31 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്.
2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
2020 ഓഗസ്റ്റ് 2 : ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലും സമീപ ജില്ലകളിലുമുള്ള താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version