സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു; കൊല്ലത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി, ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

കൊല്ലം: കൊല്ലം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഇന്ന് മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പറിനെ അടിസ്ഥാനമാക്കി ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് നിലവില്‍ വന്നിരിക്കുന്നത്.

ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുളള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നിരത്തിലിറക്കാം. ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ അമ്പതിലധികം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണിത്. അതേസമയം ആവശ്യസേവന മേഖല, ദുരന്തനിവാരണ പ്രവര്‍ത്തനം, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.

നിലവില്‍ കരുന്നാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകള്‍ ഉള്‍പ്പടെ ജില്ലയിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഇവയില്‍ 31 എണ്ണം ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണാണ്.

Exit mobile version