വീണ്ടും കൊവിഡ് മരണം; കോഴിക്കോട് മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ കോഴിക്കോട് മരിച്ച ഷാഹിദ(57)യുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്.

തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. റുഖിയാബിയുടെ വീട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.നേരത്തേ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് ഇത്.

നേരത്തെ മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം തിരൂരങ്ങാടിയില്‍ 71കാരനായ അബ്ദുല്‍ ഖാദര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജൂലൈ 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ (70) ആണ് കാസര്‍ഗോഡ് കുമ്പളയില്‍ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72) ആണ് തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കൊവിഡ് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഇദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന വര്‍ഗീസ്, ഇരിങ്ങാലക്കുടയില്‍ കൊറിയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു. ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലില്‍ ഔസേഫ് ജോര്‍ജി(83)ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും അഞ്ച് പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.

Exit mobile version