ബസില്‍ ടിക്കറ്റ് എടുക്കാതെ സൗജന്യ യാത്രയ്‌ക്കൊരുങ്ങി പോലീസുകാര്‍; സമ്മതിക്കാതെ കണ്ടക്ടര്‍; ഒടുവില്‍ സീറ്റ് കുത്തിക്കീറി പ്രതികാരം ചെയ്ത് പോലീസ്!

സൗജന്യ യാത്ര അനുവദിക്കാത്തതിനാല്‍ പോലീസുകാര്‍ ബസിന്റെ സീറ്റ് കുത്തിക്കീറിയെന്നാണ് പരാതി.

തൊടുപുഴ: സൗജന്യമായി യാത്ര അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ ചൊല്ലി പോലീസുകാരുടെ പ്രതികാര നടപടി. സൗജന്യ യാത്ര അനുവദിക്കാത്തതിനാല്‍ പോലീസുകാര്‍ ബസിന്റെ സീറ്റ് കുത്തിക്കീറിയെന്നാണ് പരാതി. മൂലമറ്റം തൊടുപുഴ റൂട്ടില്‍ ഓടുന്ന മലനാട് ബസിലാണു സംഭവം. ഞായറാഴ്ച വൈകിട്ട് 7നു മൂലമറ്റത്തു നിന്നു തൊടുപുഴയ്ക്കു സര്‍വീസ് നടത്തുന്ന ബസില്‍ മുട്ടത്തു നിന്നു പോലീസുകാര്‍ കയറുകയായിരുന്നു.

യൂണിഫോമിലല്ലാതിരുന്ന ഇവരോടു ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ പോലീസ് ആണെന്നും ടിക്കറ്റ് വേണ്ട എന്നും പറഞ്ഞു. എന്നാല്‍ ടിക്കറ്റ് എടുക്കണമെന്നു കണ്ടക്ടറും പറഞ്ഞു.

വാക്കേറ്റത്തിനൊടുവില്‍ ഇവര്‍ തൊടുപുഴയിലേക്കു ടിക്കറ്റ് എടുത്തു. അവസാന ട്രിപ്പായതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.

ട്രിപ്പ് അവസാനിപ്പിച്ചു ബസ് ഷെഡില്‍ കയറ്റിയിട്ടു. ഇന്നലെ രാവിലെയാണു സീറ്റ് കുത്തിക്കീറിയതു ശ്രദ്ധയില്‍പെട്ടത്. ഈ സീറ്റിലിരുന്ന് അവസാനം യാത്ര ചെയ്തതു പോലീസ് എന്നു പറഞ്ഞെത്തിയ സംഘമാണെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു.

സീറ്റ് കീറിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ബസ് ഉടമ പോലീസില്‍ പരാതി നല്‍കും.

Exit mobile version