എന്നാല്‍ ഒപ്പ് വാങ്ങിക്കാന്‍ പോകുമ്പോള്‍ നേരിട്ട് കൊടുത്താല്‍ പോരേ? അക്കൗണ്ടിലേക്ക് പണം ഇടാന്‍ ഉടമയുടെ സമ്മതപത്രം വേണമെന്ന് എസ്ബിഐ; ജനരോഷം പുകയുന്നു; ആഘോഷിച്ച് ട്രോളന്മാര്‍

മറ്റൊരു അക്കൗണ്ടിലേക്ക് പണമടയ്ക്കാന്‍ എസ്ബിഐ കൊണ്ടുവന്ന കര്‍ശനവ്യവസ്ഥകള്‍ക്കെതിരെ പരാതിയുമായി ഇടപാടുകാര്‍.

കൊച്ചി: മറ്റൊരു അക്കൗണ്ടിലേക്ക് പണമടയ്ക്കാന്‍ എസ്ബിഐ കൊണ്ടുവന്ന കര്‍ശനവ്യവസ്ഥകള്‍ക്കെതിരെ പരാതിയുമായി ഇടപാടുകാര്‍. പേ സ്ലിപ്പില്‍ പണം സ്വീകരിക്കുന്നയാളുടെ ഒപ്പുവേണമെന്ന വ്യവസ്ഥയാണ് ജനങ്ങളെ വട്ടംകറക്കുന്നത്. ഇത് നികുതിവെട്ടിപ്പ് തടയാനാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ചെറുകിട ഇടപാടുകാരെ ബുദ്ധിമുട്ടിക്കാതെ നിശ്ചിത തുകയ്ക്ക് മുകളില്‍ കൈമാറുന്ന പണത്തിന് മാത്രം വ്യവസ്ഥ ബാധകമാക്കണമെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്.

ജൂലൈ 26നാണ് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പേ സ്ലിപ്പുവഴി പണം നിക്ഷേപിക്കുന്നതിന് വ്യവസ്ഥകള്‍ കര്‍ശമാക്കി എസ്ബിഐ സര്‍ക്കുലര്‍ ഇറക്കിയത്. പണം ഏത് അക്കൗണ്ടിലേക്കാണോ ഇടുന്നത് ആ അക്കൗണ്ട് ഉടമയുടെ ഒപ്പ് പേ ഇന്‍ സ്ലിപ്പില്‍ നിര്‍ബന്ധമാക്കി. ഇല്ലെങ്കില്‍ പണം സ്വീകരിക്കുന്നയാളുടെ സമ്മതപത്രം വേണം. പേ സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ പാന്‍ നമ്പരും മൊബൈല്‍ നമ്പരും നിര്‍ബന്ധമാണ്. അക്കൗണ്ട് കെവൈസി നിബന്ധനകള്‍ പാലിക്കുന്നതുമാവണം. ചെക്ക് വഴിയോ, ഓണ്‍ലൈനായോ, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് തടസമില്ല.

പണം അടയ്ക്കുന്നയാള്‍ക്ക് എസ്ബിഐയില്‍ പാന്‍കാര്‍ഡ് ബന്ധിതമായ അക്കൗണ്ട് ഉണ്ടെങ്കില്‍ കുഴപ്പമില്ല. സര്‍ക്കുലര്‍ ഇറങ്ങിയെങ്കിലും ഇടപാടുകാര്‍ നഷ്ടമാകുമെന്ന ഭീതിയില്‍ എല്ലാ ശാഖകളിലും ഇത് നടപ്പാക്കിതുടങ്ങിയിട്ടില്ല. നടപ്പാക്കിയ ശാഖകളില്‍ ഇക്കാര്യം അറിയാതെ എത്തുന്ന ഇടപാടുകാര്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്ന സ്ഥിതിയുണ്ട്. നിബന്ധന നടപ്പാക്കിയ ശാഖകളും അത്യാവശ്യക്കാര്‍ക്ക് ഇളവുകളാകാം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ പ്രശ്‌നം ഗുരുതരമായിട്ടില്ല.

റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്ക് അറിയിക്കുന്നത്. ഒരാളുടെ അക്കൗണ്ടിലേക്ക് അയാളുടെ അറിവുകൂടാതെ പണമിടുന്നതും അത് കേസാകുന്നതുമൊക്കെ പുതിയ നിബന്ധനവഴി ഒഴിവാകുമെന്ന് ബാങ്കിങ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. സ്വന്തം അക്കൗണ്ടിലേക്ക് താന്‍ അറിയാതെ പണം വരുന്നതുവഴി കുറ്റക്കാരനാകുന്ന സാഹചര്യവും ഇടപാടുകാരന് ഒഴിവാകും. നോട്ടുനിരോധനകാലത്ത് ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

അതേസമയം, വിഷയത്തില്‍ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. എസ്ബിഐയുടെ സര്‍ക്കുലര്‍ തകര്‍ത്ത് ആഘോഷിക്കുകയാണ് ഇക്കൂട്ടര്‍. ഒപ്പുവാങ്ങിക്കാന്‍ പോകുമ്പോള്‍ പണം നേരിട്ടു കൊടുത്താല്‍ കുഴപ്പമുണ്ടോയെന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.

Exit mobile version