സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ട; സർവ്വകക്ഷി യോഗത്തിൽ തീരുമാനം; കൊവിഡ് തീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: ഇനിയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ ധാരണയായി. രോഗതീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും എന്നാൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നും എല്ലാ പാർട്ടികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുകയുള്ളൂ. സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ക്ഡൗൺ വേണ്ട എന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉയർന്നുവന്നതെന്നാണ് റിപ്പോർട്ടുകൾ. എല്ലാ പാർട്ടികളും സമ്പൂർണ അടച്ചിടലിനോട് വിയോജിച്ചു. രോഗം തീവ്രമായ മേഖകളിൽ ലോക്ക്ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ വേണമെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കരുതെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്.

മറ്റൊരു ലോക്ക്ഡൗൺ കൂടി ഏർപ്പെടുത്തിയാൽ അത് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, കാർഷിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒന്നാകുമെന്നായിരുന്നു യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. നേരത്തെ തന്നെ വ്യക്തമാക്കിയ നിലപാട് യോഗത്തിൽ പങ്കെടുത്ത ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആവർത്തിച്ചു.

ബിജെപിയും സിപിഐയും കോൺഗ്രസും സമ്പൂർണ്ണ അടച്ചിടൽ വേണ്ട എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് അടച്ചിടൽ വേണ്ട എന്നത് യോഗത്തിന്റെ പൊതുവികാരമായി മാറിയത്. ഈ വികാരത്തിന് ഒപ്പം നിൽക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

Exit mobile version