വിദേശത്തു നിന്നും ജോലി നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികൾക്ക് പ്രവാസി സ്റ്റോർ തുറക്കാം; കൈത്താങ്ങുമായി സപ്ലൈക്കോയും നോർക്കയും; മാവേലി സ്‌റ്റോർ മാതൃകയിൽ

തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങുമായി സപ്ലൈകോ എത്തുന്നു. നോർക്കയുടെ സഹകരണത്തോടെ പ്രവാസികൾക്ക് സ്റ്റോറുകൾ ഒരുക്കാൻ സപ്ലൈകോ അവസരം നൽകും. നിലവിൽ സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി നൽകുന്ന സാധനങ്ങൾ പ്രവാസി സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ളവർക്കാണ് അനുമതി നൽകുക.

താല്പര്യമുളളവർക്ക് വാണിജ്യബാങ്കുകൾ വഴി നോർക്ക കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. നിലവിലുളള സപ്ലൈകോ സ്റ്റോറുകളുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ പ്രവാസി സ്റ്റോറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നതല്ല. ഫ്രാഞ്ചൈസി രീതിയിലാണ് നടത്തിപ്പ്.

ഒരു സ്റ്റോറിന്റെ രണ്ട് കിലോ മീറ്റർ പരിധിയിൽ മറ്റൊരു സ്റ്റോർ അനുവദിക്കില്ല. സപ്ലൈകോ വിൽപ്പനശാലകളിലെ നിരക്കിലാണ് ഇവിടെയും ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തേണ്ടത്. 15 ദിവസത്തിനുളളിൽ പണം നൽകണമെന്ന വ്യവസ്ഥയിലാണ് സപ്ലൈകോ സാധനങ്ങൾ നൽകുക. മൂന്നു വർഷമെങ്കിലും സ്ഥാപനം നടത്തണമെന്നും സപ്ലൈകോ വ്യവസ്ഥയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്: എസ്. സതീഷ് ബാബു (മാർക്കറ്റിങ് മാനേജർ): 9447990116, 0484 2207925 വെബ്‌സൈറ്റ്: supplycokerala.com

Exit mobile version