ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലും, മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ രണ്ട് ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് അഞ്ച് മണി മുതലാണ് ട്രിപ്പില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. ഈ മേഖലകളില്‍ കൂടി ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.

ഇന്നലെ തൃശൂരില്‍ 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതുവരെ 1024 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്. സമ്പര്‍ക്കരോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാര്‍ഡ്/ഡിവിഷനുകള്‍ കണ്ടെയ്‌ന്മെന്റ് സോണാക്കിയിട്ടുണ്ട്.

കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകള്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭ 31ാം ഡിവിഷന്‍, തൃശൂര്‍ കോര്‍പറേഷന്‍ 40, 44 ഡിവിഷനുകള്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്, പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകള്‍ എന്നിവയാണ് ഇന്നലെ പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌ന്മെന്റ് സോണുകള്‍.

Exit mobile version