ലാപ്‌ടോപ്പ് നൽകണമെന്ന ഹൈക്കോടതി ഉത്തരവുമായി എത്തിയ വിദ്യാർത്ഥിനിയെ അപമാനിച്ചിറക്കി പഞ്ചായത്ത് അധികൃതർ; വിവരമറിഞ്ഞുടൻ ലാപ്‌ടോപ്പ് എത്തിച്ച് കളക്ടർ

ഇടുക്കി: ലാപ്‌ടോപ്പ് പഞ്ചായത്ത് അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവുമായെത്തിയ വിദ്യാർത്ഥിനിയെ പഞ്ചായത്ത് അധികൃതർ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ സബ്കളക്ടറുടെ ഇടപെടൽ. വിദ്യാർത്ഥിനിക്ക് ലാപ്‌ടോപ്പ് എത്തിച്ചുനൽകി ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണനാണ് മാതൃകാപരമായ ഇടപെടൽ നടത്തിയത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നെടുംകണ്ടം വടക്കേടത്ത് വീട്ടിൽ അനഘയ്ക്കും സഹോദരി ആർദ്രയ്ക്കും ദേവികുളം സബ് കളക്ടർ ഉടൻ തന്നെ ലാപ്‌ടോപ്പ് എത്തിച്ചുനൽകിയത്.

2018ലാണ് പഠന ആവശ്യത്തിനായി ലാപ്‌ടോപ്പ് അനുവദിച്ചു കിട്ടാൻ അനഘ ബാബു എന്ന വിദ്യാർത്ഥിനി നെടുങ്കണ്ടം പഞ്ചായത്തിൽ അപേക്ഷ നൽകിയത്. തുടർന്ന് പഞ്ചായത്ത് പ്രസിദ്ധീകരിച്ച അർഹരായവരുടെ പട്ടികയിൽ കുട്ടിയുടെ പേര് വരുകയും ചെയ്തു. എന്നാൽ പ്രളയത്തിന്റെ പേരിൽ കുട്ടിക്ക് ലാപ്‌ടോപ്പ് നൽകാൻ അധികൃതർ തയ്യറായില്ല. കൊവിഡിന്റെ കാലത്ത് ഓൺലൈൻ പഠനം മുടങ്ങിയതോടെ കുട്ടിയും മാതാപിക്കളും വാർഡ് അംഗത്തെയും സെക്രട്ടറിയേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് അനഘ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനുപിന്നാലെ, കുട്ടിക്ക് അഞ്ച് ആഴ്ചക്കുള്ളിൽ ലാപ്‌ടോപ്പ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ഉത്തരവുമായി പഞ്ചായത്തിലെത്തിയ കുട്ടിയേയും മാതാവിനെയും അധികൃതർ ഇറക്കിവിടുകയായിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടർ എച്ച് ദിനേശൻ പ്രശ്‌നത്തിൽ ഇടപ്പെട്ടത്. കുട്ടിയുടെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേവികുളം സബ് കളക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.തുടർന്നാണ് സബ് കളക്ടർ ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറി എ വി അജിത്ത് കുമാർ, ഇംബ്ലിമെന്റ് ഓഫീസർ കെ എസ് പ്രവീൺകുമാർ എന്നിവരെ ദേവികുളം ഓഫീസിൽ വിളിപ്പിച്ച് ലാപ്‌ടോപ്പ് കൈമാറിയത്.

നിലവിൽ ആർദ്ര ബാബുവാണ് പഞ്ചായത്തിൽ ലാപ്‌ടോപ്പിനായി അപേക്ഷനൽകിയത് അവർക്ക് ഇന്നുതന്നെ ലാപ്‌ടോപ്പ് കൈമാറും. അനഘയുടെ കാര്യത്തിൽ അപേക്ഷ വാങ്ങിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version