സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉടന്‍ ഇല്ല; തീരുമാനം 27ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്നും ഇന്ന് ചേര്‍ന്ന മന്ത്രി സഭയോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം എടുക്കും.

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞാണ് യോഗം ചേരുക. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെയും മത മേലധ്യക്ഷന്‍മാരുടേയും അഭിപ്രായങ്ങളും ചോദിക്കാനാണ് തീരുമാനം. സാമൂഹിക സാമ്പത്തിക വശങ്ങള്‍ കൂടി പരിഗണിച്ചേ ലോക്ക് ഡൗണില്‍ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. ഈ യോഗത്തിലാകും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവക്കാനും ധാരണയായിട്ടുണ്ട്. ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. നിയമസഭ സമ്മേളിച്ച് ബില്ല് പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Exit mobile version