മരണത്തിലൂടെയും എട്ടുപേര്‍ക്ക് പുതുജീവിതമേകിയ അനുജിത്തിന് നാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം: പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നല്‍കുമ്പോഴും പ്രിന്‍സിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോഴാണ്. പത്തു വര്‍ഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിന്‍ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ് പ്രിന്‍സി ആ സമ്മതപത്രത്തില്‍ ഒപ്പുവച്ചത്.

അനുജിത്തിന്റെ ചിത കെട്ടടങ്ങും മുമ്പുതന്നെ എട്ടുപേര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കുടുംബത്തോടുള്ള കടപ്പാട് എട്ടുപേര്‍ക്കു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചുമതലക്കാര്‍ക്കുമുണ്ട്. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എട്ടു പേര്‍ക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുന്നുവെന്നത് ആ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു.

അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങള്‍ കിംസ് ആശുപത്രിയിലെ ട്രാന്‍സ് പ്ലാന്റ് പൊക്യുവര്‍മെന്റ്് മാനേജര്‍ കൂടിയായ ഡോ മുരളീധരനും മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍ എസ് ശരണ്യയുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു.

ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയില്‍ വച്ചുപിടിപ്പിക്കാന്‍ ഹെലികോപ്ടര്‍ അനുവദിച്ചതും ഏറെ സഹായകമായി. സര്‍ക്കാര്‍ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാട്ടിലെ ലൈബ്രറിയില്‍ പൊതുദര്‍ശത്തിന് വച്ചശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് കൊണ്ട് പോയത്. ബുധനാഴ്ച വൈകുന്നേരം കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരച്ചടങ്ങ് നടന്നത്. സംസ്‌കാരം നടക്കുമ്പോള്‍ അനുജിത്തിന്റെ ഹൃദയം മറ്റൊരാളില്‍ തുടിച്ചു തുടങ്ങിയെന്ന ശുഭവാര്‍ത്ത നാടിനെ തേടിയെത്തി.

സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാ പോറ്റി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കുകൊണ്ടു.

Exit mobile version