എട്ടാം ക്ലാസുകാരന്റെ തൂങ്ങി മരണം; ആത്മഹത്യയ്ക്ക് പിന്നില്‍ സഹോദരങ്ങള്‍ കളിക്കാന്‍ കൂട്ടാത്തത്!

കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടത്. ഈ സമയം അനന്തുവിന്റെ അമ്മ ശ്രീജ ചൂനാട് ഭാഗത്ത് വീട്ടുജോലിക്ക് പോയിരിക്കുകയായിരുന്നു.

വള്ളികുന്നം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങി മരണമെന്ന് പോലീസ്. ആര്യാട്ട് കാവിനു സമീപം സുഭിജാലയത്തില്‍ പരേതനായ ജയന്റെ മകന്‍ അനന്തു (13) വിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടത്. ഈ സമയം അനന്തുവിന്റെ അമ്മ ശ്രീജ ചൂനാട് ഭാഗത്ത് വീട്ടുജോലിക്ക് പോയിരിക്കുകയായിരുന്നു.

തിങ്കളാഴ്ച പോലീസ് സര്‍ജന്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ചതായി വള്ളികുന്നം എസ്‌ഐ അനീഷ് പറഞ്ഞു. തൂങ്ങി മരിച്ചതാണെന്നാണ് ഇളയസഹോദരന്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. അനന്തുവിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൃദയവാല്‍വിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഇതിനാല്‍ കൂടുതല്‍ സമയം കളിക്കാന്‍ അനന്തുവിനെ കൂട്ടരുതെന്ന് വീട്ടുകാര്‍ ഇളയസഹോദരന്മാരെ വിലക്കിയിരുന്നു. കളിക്കാന്‍ തന്നെ കൂട്ടാതിരുന്നതിനെ ചൊല്ലി അനന്തു ഇളയസഹോദരന്മാരായ അഭിജിത്തും ആനന്ദുമായി വഴക്കുണ്ടായി.

തുടര്‍ന്ന് സഹോദരന്മാരില്‍ ഒരാള്‍ അയല്‍വീട്ടിലേക്കുപോയി. മറ്റെയാള്‍ വീട്ടുമുറ്റത്തിരുന്ന് തകരാറിലായ സൈക്കിള്‍ റിപ്പയര്‍ ചെയ്തു. ഈ സയമത്താണ് അനന്തു മുറിക്കുള്ളില്‍ കയറി ഷാള്‍കെട്ടി തൂങ്ങിയത്. അയല്‍വീട്ടില്‍ പോയ സഹോദരന്‍ തിരികെയെത്തിയപ്പോഴാണ് അനന്തുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ വെട്ടുകത്തി ഉപയോഗിച്ച് ഷാള്‍ മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് സഹോദരന്‍ പോലീസിന് നല്‍കിയ മൊഴി.

ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അനന്തുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കിടന്ന മുറിയില്‍ നിന്ന് മുറിഞ്ഞനിലയില്‍ ഒരു ഷാളും ഇത് മുറിക്കാനായി ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധനാസംഘവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Exit mobile version