ആലുവയിൽ കൊവിഡ് ടെസ്റ്റ് നടത്താതെ വയോധികയുടെ സംസ്‌കാരം; തൊട്ടടുത്ത മണിക്കൂറിൽ മകനും പേരക്കുട്ടിക്കും കൊവിഡ്

ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശ്ശന നിയന്ത്രണങ്ങളുള്ള ആലുവയിലെ മരണവീട്ടിലേക്ക് കൂട്ടത്തോടെ എത്തിയ ആളുകൾക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ 45 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടെയ്ൻമെന്റ് സോണായ ആലുവ നഗരസഭ തോട്ടക്കാട്ടുകര 26ാം വാർഡുകാരിയായ വയോധികയാണ് മരിച്ചത്. ഇവരുടെ അന്ത്യോപചാര ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തിരുന്നു. ഇതുനു പിന്നാലെയാണ് വീട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ 45 പേർക്കെതിരെ പോലീസ് കേസെടുത്തത്.

അതേസമയം, പനി ബാധിച്ച് മരിച്ച വയോധികയുടെ ഖബറടക്കത്തിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്താത്തതും വിവാദമായിരിക്കുകയാണ്. പനി ബാധിതയായിരുന്ന വൃദ്ധക്ക് കൊവിഡ് പരിശോധന നടത്തണമെന്ന പരിചരിക്കാൻ വീട്ടിലെത്തിയ പാലിയേറ്റീവ് നഴ്‌സിന്റെ നിർദേശം വീട്ടുകാർ അവഗണിച്ചിരുന്നു.

തോട്ടക്കാട്ടുകര സ്വദേശിനിയായ 72 കാരി വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. ആറ് മണിയോടെ മൃതദേഹം ഖബറടക്കി. ഇതിന് പിന്നാലെ ഏഴുമണിയോടെ മകനും പേരക്കുട്ടിയും കൊവിഡ് പോസീറ്റിവാണെന്ന പരിശോധനാഫലം പുറത്തെത്തുകയും ചെയ്തു. ഇതോടെ ഇരുവരെയും ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരോട് കൊവിഡ് പരിശോധന കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുകയാണെന്ന വിവരം മറച്ചുവെച്ച് ഇടപഴകിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതോടെ വാർഡ് കൗൺസിലർ ഉൾപ്പെടെ നാട്ടുകാരായ നിരവധി പേർ ക്വാറന്റൈനിൽ പ്രവേശിച്ചു.

കണ്ടെയ്ൻമന്റെ് സോണിലെ മരണവിവരം കൃത്യമായി നഗരസഭ അധികൃതരെ അറിയിച്ചില്ലെന്നാണ് ചെയർപേഴ്‌സൺ പ്രതികരിച്ചത്. എന്നാൽ, വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തകർ ഏറെ നേരം മരണവീട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതിനിടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മരണവീട്ടിലേക്ക് കൂടുതൽ ആളുകൾ എത്തിയിട്ടുണ്ടോഎന്നറിയാനായി സമീപത്തെ സിസിടിവി വീഡിയോദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും അവർക്കെതിരെയും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

Exit mobile version