ബിടിആര്‍ തട്ടിപ്പിനെതിരേ ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി എറണാകുളം കളക്ടര്‍

കൊച്ചി: ബിടിആര്‍ തട്ടിപ്പിനെതിരേ ജാഗ്രത വേണമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. ഭൂമി തരം മാറ്റുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.

ഭൂമി സംബന്ധമായ ബിടിആര്‍ രേഖ തിരുത്താന്‍ സഹായിക്കാമെന്ന പേരില്‍ ചില സ്ഥലങ്ങളില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ബിടിആര്‍ രേഖ തിരുത്താന്‍ സഹായിക്കാമെന്ന അറിയിപ്പുമായി കോതമംഗലം താലൂക്കി ലെ വിവിധ സ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ യാഥാര്‍ഥ്യമില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍പ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയാകരുതെന്നും കളക്ടര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയിലുള്ള രജിസ്റ്ററാണ് ബി ടി ആര്‍. റവന്യൂ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സു പ്രധാന രേഖയാണത്. രേഖകളില്‍ മാറ്റം വരുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല.

ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ്. ആര്‍ ഡി ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവന്‍ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍, സര്‍വേ സബ്ഡിവിഷന്‍ തുടങ്ങിയ നടപടി ക്രമങ്ങള്‍ക്കു ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമാണ് ഭൂഉടമകള്‍ നല്‍കേണ്ടത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റല്‍. ഉടമകള്‍ നേരിട്ടല്ലാതെ ഇടനിലക്കാര്‍ വഴിയെത്തുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version