സ്വർണ്ണക്കടത്ത്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചു; മുഖ്യകണ്ണി റമീസ്; ലോക്ക്ഡൗണിൽ കൂടുതൽ സ്വർണ്ണം കടത്താനുള്ള ആശയവും റമീസിന്റേത്: എൻഐഎ

swapna suresh | Big news live

കൊച്ചി: തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എൻഐഎ. സ്വർണ്ണക്കടത്തിന്റെ ആശയം പങ്കുവെച്ചതും മുഖ്യകണ്ണിയും റമീസ് ആണെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ പറയുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഇവ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ലോക്ക്ഡൗൺ സമയത്തെ രാജ്യത്തെ സ്ഥിതികൾ ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണ്ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. ഈ ആശയം ഇയാളുടേതായിരുന്നെന്നും സന്ദീപ് വെളിപ്പെടുത്തിയെന്നാണ് എൻഐഎ പറയുന്നത്.

വിദേശത്തെ കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആറ് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുമാണ് സ്വപ്‌ന സുരേഷിൽനിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചു. ഇതിൽ രണ്ട് മൊബൈൽ ഫോണുകൾ ഫേസ്‌ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്‌നയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഇതിൽ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. സ്വർണ്ണം കസ്റ്റംസ് തടഞ്ഞുവെക്കുന്നതു മുതൽ ഇവർ പിടിയിലാകുന്നതിന് മുമ്പുവരെയുള്ള സന്ദേശങ്ങൾ ടെലഗ്രാം, വാട്‌സ് ആപ്പ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. ഇതിൽ സുപ്രധാനമായ ചാറ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സ്വപ്‌ന സുരേഷ് യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങൾ സന്ദീപ് നായരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും ചേർന്ന് നടത്തിയ ഗൂഢാലോചനകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നാണ് എൻഐഎ പറയുന്നത്. നേരത്തെ കസ്റ്റംസും സമാനമായ കണ്ടെത്തലാണ് നടത്തിയത്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് എൻഐഎയുടേത്. ആദ്യമായാണ് ഇത്രയും വലിയ അളവിൽ സ്വർണം കേരളത്തിലേക്ക് കടത്തുന്നത്. 30 കിലോ സ്വർണ കടത്തിയപ്പോഴാണ് ഇവർ പിടിയിലായത്.

സ്വർണ്ണക്കടത്തിന്റെ സാമ്പത്തികവശങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് കെടി റമീസും അതോടൊപ്പം മുവാറ്റുപുഴ സ്വദേശികളായ ജലാൽ അടക്കമുള്ളവരുമാണ്. കള്ളക്കടത്തിലൂടെ ഇവർ സമ്പാദിച്ച തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Exit mobile version