സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ച ഇടുക്കി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് ഇന്നലെ മരിച്ചത്. ഈ മാസം പതിനാലിന് തമിഴ്‌നാട്ടിലെ കമ്പത്ത് പോയി മടങ്ങിവന്ന നാരായണന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് കൊവിഡ് സ്ഥിരീരിച്ചത്. ഇദ്ദേഹത്തോടൊപ്പം കമ്പത്തുപോയി മടങ്ങിയ മകനും രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രണ്ട് ഇടുക്കി സ്വദേശികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയും ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലക്ഷ്മി കുഞ്ഞന്‍പിള്ളയ്ക്ക് 79 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജിന് അന്‍പത് വയസായിരുന്നു. കടുത്ത ഹൃദ്രോഗിയായ തങ്കരാജിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായ ഇയാള്‍ ഒരു കൊല്ലത്തോളമായി ചികിത്സയിലായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കേ ഹൃദയാഘാതം മൂലമാണ് മരിച്ചത്.

Exit mobile version