കൊച്ചിയില്‍ വീണ്ടും കര്‍ശന നിയന്ത്രണം, കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ വീണ്ടും കര്‍ശന നിയന്ത്രണം. കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കൊച്ചിന്‍ കോര്‍പ്പറേഷനിലെ ഡിവിഷന്‍ 45(തമ്മനം), ഡിവിഷന്‍ 41(പാടിവട്ടം, മൈക്രോ കണ്ടെയ്‌ന്മെന്റ് ഏരിയ) ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഗ്രാന്‍ഡ് മാള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് പാടിവട്ടത്ത് നിയന്ത്രണമുള്ളത്.

ഇതുകൂടാതെ കടമക്കുടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ആലങ്കാട് പഞ്ചായത്തിലെ 15, എടത്തല പഞ്ചായത്തിലെ 21ാം വാര്‍ഡ് എന്നിവയും കണ്ടെയ്‌ന്മെന്റ് സോണ്‍ ആണ്. അതേസമയം, എറണാകുളം മാര്‍ക്കറ്റ് ഏരിയ വരുന്ന കൊച്ചിന്‍ കോര്‍പ്പറേഷനിലെ 67ാം ഡിവിഷനിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

തൃക്കാക്കര മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 33, മുളവുകാട് പഞ്ചായത്തിലെ മൂന്നാം ഡിവിഷന്‍, ചൂര്‍ണിക്കര പഞ്ചായത്തിലെ ഡിവിഷന്‍ പതിനഞ്ച് എന്നിവയിലെ നിയന്ത്രണങ്ങളും എടുത്ത് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസം 72 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 794 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നു.

Exit mobile version