കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, പരീക്ഷ എഴുതാനെത്തിയത് നിരവധി പേര്‍, തലസ്ഥാനത്ത് വന്‍ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. സമ്പര്‍ക്കത്തിലൂടെ ഇതിനോടകം നിരവധി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനിടെ കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു.

തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് നേരത്തെ തന്നെ രോഗ ലക്ഷണം ഉണ്ടായിരുന്നു. അതിനാല്‍ പ്രത്യേക മുറിയിലിരുന്നാണ് പരീക്ഷ എഴുതിയത്.

അതേസമയം, പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെയാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയത് വന്‍ വിവാദമായി മാറിയിരുന്നു. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്രയധികം കൊവിഡ് രോഗികളുണ്ടാകുന്നത്.

ഇവരിലേറെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 519 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 182 പേരില്‍ 170 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

Exit mobile version