മാർച്ച് മുതൽ ജോലിയില്ല, വരുമാനവും; കഷ്ടത്തിലായ തീയ്യേറ്റർ തൊഴിലാളികൾക്ക് കൈത്താങ്ങായി പൃഥ്വിരാജ് ഫാൻസ്; സഹായ കിറ്റുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: കൊവിഡ് ഏറ്റവുമധികം ബാധിച്ച തൊഴിൽ വിഭാഗക്കാരാണ് തീയ്യേറ്ററുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ. പുതിയ സിനിമാ റിലീസൊന്നുമില്ലാതെ ചിത്രപ്രദർശനമോ ഇല്ലാതെ എല്ലാ തീയ്യേറ്ററുകളും അടച്ചിട്ടതോടെ തീയ്യേറ്റർ തൊഴിലാളികൾ ജോലിയും വരുമാനവും ഇല്ലാതെ കഷ്ടത്തിലാണ്. അടച്ചുപൂട്ടിയ തീയ്യേറ്ററുകൾ ഇനി എന്ന് തുറക്കുമെന്ന കാര്യം ആർക്കും പ്രവചിക്കാനുമാകില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മാസം മുതൽ വരുമാനം നിലച്ചിരിക്കുകയാണ് തീയ്യേറ്റർ തൊഴിലാളികൾക്ക്.

എന്നാണ് തങ്ങൾക്ക് ഇനി ഒരു തൊഴിലുണ്ടാവുക എന്ന് തൊഴിലാളികൾ ആശങ്കപ്പെടുന്നതിനിടെ ഇവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ. തീയ്യേറ്റർ ജീവനക്കാർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുമായിട്ടാണ് ഇവർ എത്തിയത്.

തിരുവനന്തപുരം ആറ്റിങ്ങലിലെ പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരാണ് തീയ്യേറ്റർ ജീവനക്കാർക്കുള്ള ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്. അസോസിയേഷൻ ഭാരവാഹികൾ ഒരുക്കിയ ചടങ്ങ് ഡിവൈഎസ്പി സുരേഷ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഈ പ്രവർത്തി വളരെ മികച്ച ഒരു ജീവകാരുണ്യ പ്രവർത്തനമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Exit mobile version