കണ്ടക്ടര്‍ക്ക് കൊവിഡ്; ആറ്റിങ്ങല്‍, കണിയാപുരം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു

തിരുവനന്തപുരം: കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍, കണിയാപുരം കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടറായ ഇദ്ദേഹം, ജോലിയുടെ ഭാഗമായി കണിയാപുരം ഡിപ്പോയും സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കണിയാപുരം ഡിപ്പോയും അടച്ചത്.

നാളെ അണുനശീകരണം നടത്തിയതിന് ശേഷം ബുധനാഴ്ച മുതല്‍ ഡിപ്പോകള് തുറന്നുപ്രവര്‍ത്തിക്കും. ദേശീയപാത വഴിയുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളാണ് ഇവ. തിരുവനന്തപുരം നഗരസഭ പരിധിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന തലസ്ഥാനത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ കണിയാപുരം ഡിപ്പോയിലാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്.

ഡിപ്പോ അടച്ചതോടെ യാത്ര ദുരിതം വീണ്ടും വര്‍ധിക്കും. നേരത്തെ വെഞ്ഞാറമൂട് ഡിപ്പോ അടച്ചിരുന്നു. നിയന്ത്രിത മേഖലയായതിന് പിന്നാലെയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് ഡിപ്പോ അടച്ചത്. കൊറോണ കേസുകള്‍ ഉയരുന്ന തലസ്ഥാനത്ത് ആശങ്ക തുടരുകയാണ്.രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

Exit mobile version