കോംഗോ പനി; ആശങ്ക വേണ്ട; ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോംഗോ പനി സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ രോഗം ബാധിച്ച് സുഖപ്പെട്ട മലപ്പുറം സ്വദേശി തൃശ്ശൂരില്‍ ചികിത്സ തേടിയിരുന്നു. ദുബായില്‍ നിന്നെത്തിയാള്‍ മൂത്രാശയ അണുബാധയ്ക്കാണു ചികിത്സയ്ക്ക് വിധേയമാക്കിയത്.

മൂത്രാശയ അണുബാധയ്ക്കാണു ചികിത്സയ്ക്ക് വിധേയമാക്കിയപ്പോള്‍ കോംഗോ പനി സ്ഥിരീകരിച്ച ആള്‍ എന്ന നിലയ്ക്ക് ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കുകയായിരുന്നു.

നിലവില്‍ ഇദ്ദേഹത്തിനു കോംഗോ പനി ഇല്ല. ദുബായില്‍ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടു.അതിന്റെ സാംപിള്‍ നെഗറ്റീവ് എന്ന പരിശോധനാ ഫലവുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

എന്നിരുന്നാലും രോഗം ഇല്ല എന്ന് വീണ്ടും ഉറപ്പ് വരുത്താനായി രക്ത സാംപിളുകള്‍ മണിപ്പാലിലെ ലാബിലേക്ക് തിങ്കളാഴ്ച അയച്ചിട്ടുണ്ട്. അതിനു ശേഷമേ അദ്ദേഹത്തെ വിട്ടയക്കൂ. അത് വരെ ഇയാളെ ഒറ്റയ്ക്കൊരു മുറിയിലാക്കിയിരിക്കുകയാണെന്നാണ് ആശ്രുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. സംസ്ഥാനത്ത് ഇതാദ്യമായാണ് പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.

രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പനി ബാധിച്ചാല്‍ 40 ശതമാനം വരെയാണ് മരണ നിരക്ക്.

Exit mobile version