ഒമൈക്രോൺ ജാഗ്രതയിൽ സംസ്ഥാനവും; ഏഴ് ദിവസം ക്വാറന്റീനും, ആർടിപിസിആറും നിർബന്ധം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോൺ’ (B.1.1.529) ഭീതിപരത്തുന്ന സാഹചര്യത്തിൽ കേരളത്തിലും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. ഒമൈക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവരെ കൂടുതൽ നിരീക്ഷിക്കുന്നായിരിക്കും.

ഇവർ സംസ്ഥാനത്ത് എത്തിയശേഷം വിമാനത്താവളങ്ങളിൽ വീണ്ടും ആർ.ടി.പി.സി.ആറിന് വിധേയമാകണം. കർശനമായി ഏഴ് ദിവസം ക്വാറന്റീനിലുമായിരിക്കണം. അതിനുശേഷം ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

മാത്രമല്ല, ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ സംശയമുള്ള സാമ്പിളുകൾ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനക്കായി അയക്കും. എല്ലാ വിമാനത്താവളങ്ങളിലും കൂടുതൽ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മാർഗനിർദേശമനുസരിച്ചാണ് പുതിയ നടപടിക്രമങ്ങൾ.

എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. കേന്ദ്ര മാർഗനിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version