കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ അലേര്‍ട്ട്, കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

03-06-2021 മുതല്‍ 05-06-2021 വരെ കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. 03.06.2021 : കന്യാകുമാരി തീരത്തും, തെക്കന്‍ ശ്രീലങ്കന്‍ തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version