മാപ്പ് വേണ്ട! തെറ്റ് തിരുത്തി മുന്നോട്ടുപോകുക; കവിതാ മോഷണവിവാദത്തില്‍ എസ് കലേഷ്

കോഴിക്കോട്: കവിതാ മോഷണം ശ്രദ്ധിക്കപ്പെട്ടത് തുറന്നുപറഞ്ഞപ്പോള്‍ അത് തന്റേതാണ് എന്ന് ഇരട്ടി ശക്തിയോടെ ദീപ പറഞ്ഞപ്പോള്‍ ഞെട്ടല്‍ ഉണ്ടായി, യുവകവി എസ് കലേഷ് പറയുന്നു.

കലേഷ് 2011 ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ’ എന്ന കവിത 2018 ല്‍ ദീപാ നിശാന്തിന്റെ പേരില്‍ എകെപിസിടിഎയുടെ ജേര്‍ണലില്‍ വന്നതാണ് വിവദമായിരിക്കുന്നത്. വിഷയത്തില്‍ ദീപാനിശാന്തും ശ്രീചിത്രനും കലേഷിനോട് മാപ്പ് ചോദിച്ചിരുന്നു.

എന്നാല്‍, മാപ്പ് വേണ്ട. തെറ്റുതിരുത്തി മുന്നോട്ടുപോവുകയാണ് വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ ചെയ്യേണ്ടതെന്നും കൂടാതെ ആള്‍ക്കൂട്ട ആക്രമണത്തോട് യോജിപ്പില്ലെന്നും
കലേഷ് പറയുന്നു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ദീപാ നിശാന്തിനെ അപമാനിക്കാന്‍ എതിര്‍ പക്ഷത്തുള്ളവര്‍ ചെയ്തതാണെന്ന് കരുതിയത്. എന്നാല്‍ അത് തന്റേതാണ് എന്ന് ഇരട്ടി ശക്തിയോടെ ദീപ പറഞ്ഞപ്പോള്‍ ഞെട്ടല്‍ ഉണ്ടായി. ഒരു കവിത പിറക്കുന്നതിനുപിന്നില്‍ ഒരു കവിക്കുണ്ടാവുന്ന ആത്മസംഘര്‍ഷം വലുതാണ്. ഏറെ സംഘര്‍ഷം അനുഭവിച്ച് പലവട്ടം മാറ്റി എഴുതി പൂര്‍ത്തീകരിച്ച ഒരു കവിതയാണിത്.

ദീപാ നിശാന്ത് കവിതയില്‍ മിനുക്ക് പണികള്‍ നടത്തി എന്ന് പറഞ്ഞത് മനസിലായില്ല. വിവാദമുണ്ടാക്കി വലിയ ഒരു ആള്‍ക്കൂട്ടത്തെ പ്രതീക്ഷിച്ച് കവിതയുമായി കാത്തിരിക്കുന്ന കൂട്ടത്തില്‍ അല്ല ഞാന്‍. കവിതയെ ഇഷ്ടപ്പെടുന്നവരുടെ ചെറിയ ഒരിടം. അതാണ് കവിതയുടെ ഇടം. മനുഷ്യന് മനുഷ്യനോട് മാപ്പ് പറയേണ്ട ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നില്ല. എന്റെ കവിത മോഷ്ടിച്ചവര്‍ക്ക് ചെയ്ത തെറ്റ് മനസ്സിലായി എന്നു ഞാന്‍ കരുതുന്നു. മനസിലായില്ലെങ്കില്‍ അത് സ്വകാര്യമായെങ്കിലും മനസിലാക്കണം. നല്ല കവിതകളില്‍ വിശ്വസിക്കുക. ഈ വിഷയത്തില്‍ കൂടെ നിന്നവരോട് നന്ദി. കേസ് കൊടുക്കുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ല’- കലേഷ് പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിനമായ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. ഏഴുവര്‍ഷം മുമ്പ് എഴുതിയ ഒരു കവിത തന്റേത് തന്നെയെന്ന് സ്ഥാപിക്കേണ്ടിവരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ, ദുരവസ്ഥയാണ്. നൈതികതയുടെയും സാമൂഹിക നീതിയുടെയും പ്രശ്നമുണ്ട് അതില്‍.’- കലേഷ് പറയുന്നു. സംഭവം വിവാദമാകുന്നതിനു തലേദിവസം ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അത് തമാശയായാണ് കണ്ടതെന്ന് കലേഷ് പറഞ്ഞു.

Exit mobile version