തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; 173 പേരില്‍ 152 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; തീര പ്രദേശങ്ങളിലെ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍

തിരുവനന്തപുരം; തലസ്ഥാനത്ത് സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 173 പേരില്‍ 152 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നാലുപേരുടെ ഉറവിടം വ്യക്തമല്ല. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യ വ്യാപനം ഉണ്ടായതായി പ്രഖ്യാപിച്ച പുല്ലുവിള,പൂന്തുറ പ്രദേശങ്ങളില്‍ 24 മണിക്കൂറും നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂര്‍ക്കട, കുടപ്പനക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും സമ്പര്‍ക്ക രോഗികളുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീര പ്രദേശങ്ങളില്‍ പത്തു ദിവസം ലോക്ക്ഡൗണ്‍ ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. ഈ ദിവസങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരപ്രദേശത്തെ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഭാഗങ്ങളെ സോണ്‍ 1ല്‍ ഉള്‍പ്പെടുത്തി. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണിലാണ്. വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുള്ള ഭാഗം മൂന്നാമത്തെ സോണിലുമാണ്. ഈ പ്രദേശങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ മാറ്റിവച്ചു. ദേശീയപാതയില്‍ വാഹന നിയന്ത്രണമുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം 60 ശതമാനത്തിലേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണ്.എന്നാല്‍ മരണനിരക്ക് കുറയ്ക്കാനായത് കേരളത്തിന് ആശ്വാസമാണെന്നും, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുറത്തുപോയി വരുന്നവര്‍ വീടിനുളളിലും മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 593പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കരോഗികള്‍ 364ആണ്. 204 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version