കുട്ടികളുടെ പഠനത്തിനായി വായ്പയെടുത്ത് ടാബ്‌ലെറ്റും കമ്പ്യൂട്ടറുകളും വാങ്ങി നല്‍കി; മാതൃകയായി പെരുവഴിക്കടവ് എഎല്‍പി സ്‌കൂളിലെ അധ്യാപകര്‍

കുന്ദമംഗലം: കുട്ടികളുടെ പഠനത്തിനായി വായ്പയെടുത്ത് ടാബ്‌ലെറ്റുകളും കമ്പ്യൂട്ടറുകളും വാങ്ങി നല്‍കി മാതൃകയായിരിക്കുകയാണ് പെരുവഴിക്കടവ് എഎല്‍പി സ്‌കൂളിലെ അധ്യാപകര്‍. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഇവര്‍ കുട്ടികള്‍ക്ക് വേണ്ടി വായ്പയെടുത്തത്.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍പഠനം എങ്ങനെ സാധ്യമാക്കും എന്ന ആലോചനയാണ് ടാബ് വാങ്ങിനല്‍കാന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്. മാനേജ്‌മെന്റും പിടിഎയും രക്ഷിതാക്കളും ഈതീരുമാനത്തിന് ഇരട്ടി പിന്തുണയും നല്‍കി. അധ്യാപകര്‍ തങ്ങളുടെ സാലറി സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ ഈടുനല്‍കി 16 ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നു.

മൊബൈല്‍ കമ്പനിയുമായി നേരിട്ടുബന്ധപ്പെട്ട് ഇടനിലക്കാരില്ലാതെ വിലക്കുറവില്‍ ടാബ് ലഭ്യമാക്കി. തിരിച്ചടവിന് തയ്യാറുള്ള രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന മുറയ്ക്കാണ് ടാബ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 40 ടാബുകളാണ് കുട്ടികള്‍ക്ക് വിതരണംചെയ്തത്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് ബാലനിധിയില്‍ നിന്ന് തവണകളായി രണ്ടുവര്‍ഷത്തിനുള്ളില്‍ തുക അടച്ചുതീര്‍ക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.

Exit mobile version