ലോക്ക് ഡൗണില്‍ ബ്രേക്ക് ആക്കാതെ അധ്യാപകന്‍ ത്വയ്യിബ്; ഓണ്‍ലൈനില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിവിഷനും മോഡല്‍ പരീക്ഷയും ഒരുക്കി, മാതൃക

പൊന്നാനി: അപ്രതീക്ഷിതമായി വന്ന മഹാമാരിയില്‍ പരീക്ഷകള്‍ക്ക് ലോക്ക് വീണപ്പോള്‍ ഓണ്‍ലൈനില്‍ ക്ലാസ്സുകളും, പരീക്ഷകളും ഒരുക്കി മാതൃകയാവുകയാണ് ത്വയ്യിബ് കെഎ എന്ന അധ്യാപകന്‍. ഇരിമ്പിളിയം എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇക്കണോമിക്‌സ് അധ്യാപകനാണ് ത്വയ്യിബ് കെഎ.

സ്വന്തം സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും മറ്റു സ്‌കൂളുകളിലെ കുട്ടികളുടെയും, അധ്യാപകരുടെ അന്വേഷണവും പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ തന്റെ ക്ലാസ്സുകളെ ക്രമപ്പെടുത്തുകയായിരുന്നു.
പ്ലസ് വണ്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ പാഠഭാഗങ്ങളും ഗൂഗിള്‍ ക്ലാസ്സ് റൂം, വിവിധ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍, യുട്യൂബ് ചാനല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കയാണ്.

ലോക് ഡൗണിന് ശേഷം നടക്കാനുള്ള പ്ലസ് വണ്‍ സാമ്പത്തിക ശാസ്ത്ര വിഷയം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആന്റ് ഓഫ് ലൈന്‍ റെഡി റെഫറന്‍സ് ആക്കി മാറ്റിയിരിക്കയാണ് ഈ യുവ അധ്യാപകന്‍. വിവിധ ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും, അധ്യാപകരും അടക്കം ആയിരക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ഈ സംവിധാനം ഉപയോഗപ്പെടുത്തി കഴിഞ്ഞു. പാഠപുസ്തകത്തിലെ ഓരോ ചാപ്റ്ററുകളും പൂര്‍ണ്ണമായും കുറഞ്ഞ സമയത്തിനകം ഡിസ്‌കസ് ചെയ്ത് പോകുന്നതാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രധാന കാരണമായിരിക്കുന്നത്.

പൊന്നാനി എംഇഎസ് ഹയര്‍ സെക്കണ്ടറിയില്‍ തന്റെ സര്‍വീസ് ആരംഭിച്ച ത്വയ്യിബ് മാസ്റ്റര്‍ ആറ് വര്‍ഷക്കാലമായി ഇരിമ്പിളിയം എംഇഎസ്സിലാണ് സേവനമനുഷ്ടിക്കുന്നത്. നിലവില്‍ വിദ്യഭ്യാസ വകുപ്പിന്‍ കീഴില്‍ പാഠപുസ്ത റിസോഴ്‌സ് കണ്‍സ്ട്രക്ഷന്‍ ടീമില്‍ (ദിക്ഷയില്‍ ) അംഗമായ ഇദ്ദേഹം അധ്യാപകര്‍ക്കുള്ള ഐടി പരിശീലന ടീമില്‍ മാസ്റ്റര്‍ ട്രൈ നറായും പ്രവര്‍ത്തികന്നുണ്ട്. മാറഞ്ചേരി പുറങ്ങിലാണ് താമസം. ഭാര്യ ജുല്‍ന (അധ്യാപിക) മൂന്ന് ആണ്‍മക്കള്‍ അടങ്ങുന്നതാണ് കുടുംബം.

Exit mobile version