ബിഷപ്പിനേയും ബെന്നറ്റിനേയും സംരക്ഷിക്കാൻ നോക്കേണ്ട; പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് വേണം; ക്രൈംബ്രാഞ്ചിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

high court

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റിന് കോഴ വാങ്ങിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ ഒത്തുകളിക്ക് എതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. ബിഷപ്പിനെയും ബെന്നറ്റ് എബ്രഹാമിനേയും സംരക്ഷിക്കരുതെന്ന് പറഞ്ഞ കോടതി അന്വേഷണ പുരോഗതി പത്ത് ദിവസത്തിനകം അറിയിക്കണമെന്നും നിർദേശിച്ചു.

കാരക്കോണം മെഡിക്കൽ കോളേജിലെ എംബിബിഎസ്, എംഡി സീറ്റുകളുമായി ബന്ധപ്പെട്ട് വലിയ തോതിൽ തലവരി പണം പിരിച്ചു എന്നും ഇത്തരത്തിൽ പണം നൽകിയ വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചില്ല എന്നുമായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണമാണ് രക്ഷിതാക്കൾ ആവശ്യപ്പെതെങ്കിലും കോടതി ക്രൈംബ്രാഞ്ച് അന്വേഷണമാണ് പ്രഖ്യാപിച്ചത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ക്രൈംബ്രാഞ്ചിനെ നിർത്തിപ്പൊരിച്ചത്. കേസ് രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. സിഎസ്‌ഐ ബിഷപ്പ് ധർമരാജ് റസാലം, കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ പങ്ക് സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Exit mobile version