ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഉറവിടം അവ്യക്തം, മാര്‍ക്കറ്റ് അടച്ചു

കോട്ടയം: ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്‌സുകള്‍ ഇറക്കുന്ന തൊഴിലാളികളാണ്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ചുമട്ടു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ക്കറ്റും അടച്ചിരിക്കുകയാണ്. അതേസമയം ഇരുവരുടെയും രോഗ ഉറവിടം അവ്യക്തമാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ രോഗം സ്ഥിരീകരിച്ച കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ ഇന്ന് 48 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Exit mobile version