സഹായിക്കാനെത്തിയവർക്കും വേണ്ടത് പണം; അമ്മയുടെ ജീവൻ രക്ഷിക്കാൻ പൊട്ടിക്കരഞ്ഞ വർഷ വീണ്ടും കരച്ചിലോടെ സോഷ്യൽമീഡിയയിൽ

കൊച്ചി: കണ്ണൂരിൽ നിന്നും പണമില്ലാതെ കൊച്ചിയിൽ അമ്മയുടെ ചികിത്സയ്ക്കായി സഹായം ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ വർഷ എന്ന പെൺകുട്ടി വീണ്ടും കണ്ണീരോടെ രംഗത്ത്. ഇത്തവണ പെൺകുട്ടി ഫേസ്ബുക്ക് ലൈവിലെത്തിയിരിക്കുന്നത് തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ്. അന്ന് വർഷ കണ്ണീരോടെ അപേക്ഷിച്ചപ്പോൾ മലയാളികൾ കൈയ്യയച്ച് സഹായിക്കുകയും 80 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ തന്നെ ഇന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നെന്നാണ് പെൺകുട്ടി പറയുന്നത്.

വർഷയുടെ അക്കൗണ്ടിലേക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവർ ഇപ്പോൾ ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നു. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വർഷ വീഡിയോയിൽ ആരോപണം ഉന്നയിക്കുന്നത്.

അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണത്തിൽ നിന്നും അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് വർഷ. അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. ഇതേ ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തിൽ നിന്നും വർഷ നൽകിയിരുന്നു. ആ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും വർഷ പറയുന്നു.

ഇനിയും ഒരുപാട് പണം അമ്മയുടെ ചികിത്സയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണം എന്നു പറഞ്ഞ് ഒരുകൂട്ടർ എത്തുന്നത്. പണം ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വർഷയെ കുറിച്ച് സാജൻ കേച്ചേരിയും ഫേസ്ബുക്കിൽ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരുപാട് പേർ വർഷയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നാണ് വിവരം.

അതേസമയം മറ്റു രോഗികൾക്ക് കൂടി സഹായിക്കാനാണ് തങ്ങൾ കാശു ആവശ്യപ്പെട്ടതെന്നും വർഷ പറയുന്നതിൽ സത്യമില്ലെന്നും ചൂണ്ടിക്കാട്ടി സാജനും ലൈവ് ഇട്ടിരുന്നു .

Exit mobile version