വിളിച്ചത് അസമയത്തല്ല, കോള്‍ എത്ര നേരം നീണ്ടു..? ഏത് സമയത്ത് വിളിച്ചു…? ആര്‍ക്കും പരിശോധിക്കാമെന്ന് മന്ത്രി കെടി ജലീല്‍, സ്വപ്‌ന വിളിച്ചതിന്റെ കാരണവും വ്യക്തമാക്കി മറുപടി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വിളിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി കെടി ജലീലും ഉണ്ടെന്ന തരത്തില്‍ വിവാദം കത്തിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി മന്ത്രി രംഗത്ത്. സ്വപ്‌ന സുരേഷ് തന്നെ വിളിച്ചത് റംസാന്‍ കിറ്റ് വിതരണത്ത കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണെന്ന് കെടി ജലീല്‍ പറയുന്നു. സ്വപ്‌ന വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍സുല്‍ ജനറല്‍ റാഷിദ് അല്‍ ഷമൈലിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വപ്ന സുരേഷിനെ വിളിച്ചതെന്നും മന്ത്രി പറയുന്നു. വിളിച്ചത് അത്രയും അസമയത്തല്ല, കോള്‍ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി ജലീല്‍ കൂട്ടിച്ചേര്‍ത്തു. റംസാന്‍ മാസം യുഎഇ കോണ്‍സുലേറ്റ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗണ്‍ കാരണം കിറ്റുകള്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റിന് കഴിഞ്ഞിരുന്നില്ല.

സര്‍ക്കാര്‍ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോണ്‍സുല്‍ ജനറല്‍ വാട്‌സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് മറുപടിയും നല്‍കി. എങ്കില്‍ സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ തനിക്ക് മറുപടിയും അയച്ചുവെന്നും മന്ത്രി വ്യക്തമാക്കി. സന്ദേശം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചു.

സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്ക് ജീവനക്കാരിയായിരുന്നെന്നോ, കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ അറിയില്ലായിരുന്നു. കോണ്‍സുല്‍ ജനറല്‍ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതിനാല്‍ ഒരിക്കലും സംശയിച്ചിരുന്നില്ല, മന്ത്രി പറയുന്നു. കോണ്‍സുല്‍ ജനറല്‍ അറ്റാഷെയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി.

മന്ത്രിയുടെ മറുപടി ഇങ്ങനെ;

മെയ് 27-ന് റംസാന്‍ ഭക്ഷണകിറ്റുമായി ബന്ധപ്പെട്ട് സന്ദേശം ലഭിക്കുന്നു. ആയിരത്തോളം ഭക്ഷ്യകിറ്റുകള്‍ റംസാനുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ കോണ്‍സുലേറ്റിന്റെ പക്കലുണ്ടെന്നും ഇത് വിതരണം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നും ചോദിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം അറേഞ്ച് ചെയ്യാമെന്ന് വാട്‌സാപ്പില്‍ത്തന്നെ താന്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ സ്വപ്ന നിങ്ങളുമായി ബന്ധപ്പെടും എന്ന് കോണ്‍സുല്‍ ജനറല്‍ അറ്റാഷെ മെസ്സേജ് ചെയ്തു.

ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാന്‍ തയ്യാറായിരുന്നത്. അത് എടപ്പാള്‍, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിന് അയച്ചു. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഡ്രസില്‍ ആണ് അയച്ചത്. അതിന്റെ ബില്ല് പക്ഷേ കിട്ടാത്തതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് പരിഭവം പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോണ്‍സുല്‍ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട്.

സ്വപ്ന എന്നതില്‍ അസ്വാഭാവികതയില്ല. കോണ്‍സുലേറ്റില്‍ നിന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമ്പോള്‍, അതില്‍ കോണ്‍സുലേറ്റിന്റെ എംബ്ലം ദുബായ് എയ്ഡ് എന്നെല്ലാം എഴുതി വയ്ക്കണം. അത് വയ്ക്കാന്‍ എവിടെ നല്‍കാനാകും എന്നതടക്കമുള്ള കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഇതൊന്നും അസമയത്തല്ല വിളിച്ചത്. കോള്‍ എത്ര നേരം നീണ്ടുവെന്നും, ഏത് സമയത്താണ് വിളിച്ചത് എന്നും എല്ലാവര്‍ക്കും പരിശോധിക്കാം

Exit mobile version