എംഎ യൂസഫലിയുടെ തൃശ്ശൂരുള്ള കെട്ടിടം സെക്കന്റ് ലെയര്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും, ഒരുക്കുന്നത് 1000 കിടക്കകള്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്നത് അധികൃതരെ ഒന്നടങ്കം ആശങ്കയിലാക്കുന്നു. കോവിഡിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം.

തൃശൂര്‍ നാട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയര്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവിടെ 1000 കിടക്കകള്‍ തയ്യാറാക്കും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയില്‍ ശകത്മായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തൃശൂര്‍ പൊലീസ് ഓപറേഷന്‍ ഷീല്‍ഡ് പ്രവര്ത്തനം ഏറ്റെടുത്ത് നടപ്പാക്കിവരികയാണ്. മാര്‍ക്കറ്റുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. മെഡിക്കല്‍ കോളേജില്‍ രണ്ട് നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കുകയും പ്ലാസ്മ ചികിത്സ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 143 പേര്‍ക്കാണ് രോഗമുക്തി. രണ്ട് പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.

Exit mobile version